തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി. പാലക്കാട്ട് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ട് സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.
റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരും സ്വീകരണ പരിപാടികളുടെ ഭാഗമായി. വന്ദേഭാരത് റേക്കുകൾ ഇന്നു വൈകിട്ടോടെ റേക്കുകൾ കൊച്ചുവേളിയിലെത്തും.അതേസമയം, വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി.
16 കോച്ചുള്ള ട്രെയിൻ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വീസിനു മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തും. വന്ദേ ഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

