കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി മേയർ എം.അനിൽ കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പോലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യം എറിഞ്ഞു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രഹ്മപുരത്ത് മനുഷ്യ നിര്‍മ്മിത തീപിടിത്തം, കൊച്ചിയില്‍ മാലിന്യ കൂമ്പാരം എന്നീ വിഷയങ്ങള്‍ ആരോപിച്ചാണ് കൊച്ചി കോര്‍പറേഷന്‍ ഓഫിസിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തിയത്. രാവിലെ 10 മണിയ്ക്ക് ഡി.സി.സി ഓഫിസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത് . യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്‍റണി മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ചു.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാരിനെ ചെന്നിത്തല വിമർശിച്ചു. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തിൽ മൗനം സ്വീകരിക്കുന്നത് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഒപ്പം നിയസഭയിൽ ഷാഫി പറമ്പിൽ എം.എൽ.എയോട് വരുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് പറഞ്ഞ സ്പീക്കർ എ.എന്‍. ഷംസീറിനെയും ചെന്നിത്തല കുറ്റപ്പെടുത്തി. സ്പീക്കർ നില വിട്ട് സംസാരിക്കുന്നത് ശരിയല്ലയെന്നും തെറ്റ് തിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

