തിരുവനന്തപുരം: സംസ്ഥാനത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സവിശേഷ വിദ്യാഭ്യാസവും പരിശീലനവും നല്കുന്ന സ്പെഷ്യല്‍ സ്കൂള്‍ മേഖലയോടുളള നിരന്തരമായ സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 16 വ്യാഴാഴ്ച മുതല്‍ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും സെക്രട്ടറിയേറ്റിനു മുന്പില് അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 202223 സാമ്പത്തിക വര്‍ഷത്തെ പാക്കേജിനുള്ള ഫണ്ട് അനുവദിച്ചുകൊണ്ട് 2022 ജൂണ്‍ 2ന് ഉത്തരവ് ഇറങ്ങിയെങ്കിലും നാളിതുവരെ ഈ തുക വിതരണം ചെയ്തിതിട്ടില്ലെന്നും അവകാശ നിഷേധത്തിനെതിരെ പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്തവരുടെ മേഖലയോട് എന്താണ് ഇത്ര വൈരാഗ്യം എന്നും നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ചോദിച്ചു.ആശ്വാസ കിരണം, പെന്ഷന് എന്നിവയിലൊക്കെ മുന്‍കാലങ്ങളിലില്ലാത്ത വിധം കുറവുകളുണ്ടായതായും 2021- 22വര്‍ഷം 95 കോടി മേഖലക്ക് ബജറ്റില്‍ വകയിരുത്തിയെങ്കിലും 22.5 കോടി മാത്രമാണ് വിതരണം ചെയ്തതെന്നും 202324 ബജറ്റില്‍ സ്പെഷ്യല്‍ സ്കൂള്‍ പാക്കേജിനായി ഫണ്ടൊന്നും തന്നെ വകയിരുത്തിയിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
കേരളത്തില്‍ 314 സ്പെഷ്യല്‍ സ്കൂളുകളിലായി 25000 ത്തോളം വിദ്യാര്‍ത്ഥികള്‍ സവിശേഷ വിദ്യാഭ്യാസവും പരിശീലനവും നേടുന്നുണ്ട്. 6000 ത്തോളം ജീവനക്കാര്‍ വിവിധ തസ്തികകളിലായി ഈ മേഖലയില്‍ ജോലി ചെയ്യുന്നുമുണ്ട്. ഇവയില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അതിതീവ്ര ഭിന്നശേഷികളുള്ള, 18 വയസ്സിനു മുകളിലുള്ളവരുടെ തൊഴില്‍ പരിശീലനം, പുനരധിവാസം, ആജീവനാന്ത പരിചരണം എന്നിവക്കായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ അവതരിപ്പിച്ച ബജറ്റുകളിലും 10 കോടി രൂപ വീതം വകയിരുത്തിയിരുന്നെങ്കിലും ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കുകയോ, ഒരു രൂപയെങ്കിലും ആ ഇനത്തില്‍ ചിലവാക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലനില്‍പ്പിനു വേണ്ടി മാര്‍ച്ച് 16 മുതല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുവാന്‍ നിര്‍ബന്ധിതരായതെന്ന് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
സംയുക്ത സമര സമിതിക്ക് വേണ്ടി സ്പെഷ്യല്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് തങ്കമണി ടീച്ചര്‍, പാരന്റ്സ് അസോസിയേഷന് ഓഫ് ഇന്റലക്ച്വലി ഡിസ് ഏബിള്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം.ജോണ്‍, അസോസിയേഷന് ഫോര്‍ ദ വെല്‍ഫെയര്‍ ഓഫ് സ്പെഷ്യല്‍ സ്കൂള്‍ സ്റ്റാഫ് പ്രതിനിധി ഹരിപ്രിയ, സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത് പ്രതിനിധി നിധിന്, സംയുക്ത സമരസമിതി കോം ഓര്‍ഡിനേറ്ററും മാനേജ്മെന്റ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസ് ഏബിള്‍ഡ് പ്രതിനിധിയുമായ സിനില്‍ ദാസ് പൂക്കോട്ട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.