
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നു. കെ. മുരളധീരന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.അതിന്റെ ഭാഗമായി മുരളീധരനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. അവസാന ഘട്ടത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറിയ സാഹചര്യത്തിലാണ് നേമത്ത ചര്‍ച്ചകള്‍ മുരളീധരന്റെ പേരിലേക്ക് എത്തിയത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. അവസാന ചര്‍ച്ചകളില്‍ കെ ബാബു, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ് എന്നിവരും ഇടം നേടിയതായാണ് സൂചന. ഏതാനും സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല , ഇന്ന് സമ്പൂര്‍ണ പട്ടിക പ്രഖ്യാപിച്ചേക്കില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മുരളീധരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടന്നായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. രമേശ് ചെന്നിത്തല അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നതായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇരുവരും സമ്മതിച്ചില്ല. പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കാമെന്ന വാഗ്ദാനം പോലും ഉമ്മന്‍ചാണ്ടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

