കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് ജയം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല.
വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡ് ചല്ലിവയലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. 16ാം വാര്‍ഡ് മെമ്പറായിരുന്ന സിപി എമ്മിലെ പി .പി ചന്ദ്രന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വാണിമേല്‍ പഞ്ചായത്തിലെ 14ാം വാര്‍ഡ് കോടിയുറ യുഡിഎഫ് നിലനിര്‍ത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ അനസ് നങ്ങാണ്ടിയില്‍ വിജയിച്ചു.
മടവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുല്ലാളൂര്‍ യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ സിറാജ് ചെറുവലത്ത് 234 വോട്ടിന് വിജയിച്ചു. മാവൂര്‍ പഞ്ചായത്തിലെ 13 ആം വാര്‍ഡ് പാറമ്മല്‍ യുഡിഎഫ് നിലനിര്‍ത്തി.