കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വികസന കാര്യത്തില്‍ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയില്‍ നിന്ന് ഒരാള്‍ പോലും പുറത്തായി പോവരുതെന്നും തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന ചടങ്ങ് പേരാമ്പ്ര സുരഭി അവന്യൂവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയിലൂടെ ഒന്നരലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കാന്‍ സാധിച്ചു. മുഴുവന്‍ ആളുകള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുകയാണ്. പ്ലാസ്റ്റിക്കിനെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് പ്രാവര്‍ത്തികമാക്കുന്നത്. ഇതിന് മുന്‍കൈ എടുക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഭരണ റിപ്പോര്‍ട്ട് പ്രകാശനം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തിനായുള്ള നൂതന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കണം. തരിശു രഹിത കേരളം പടുത്തുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മാരായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, എം. കെ നളിനി, കെ. പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാതല കമ്പവലി മത്സരം ക്രോസ് കണ്‍ട്രി റെയ്‌സ് തുടങ്ങിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും 70 ഗ്രാമപഞ്ചായത്തുകളിലും സമഗ്ര വികസനം ലക്ഷ്യമാക്കി പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും കഴിഞ്ഞ നാലു വര്‍ഷമായി വലിയ മുന്നേറ്റമാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിയത്. ഡിസംബര്‍ രണ്ടിനാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മെഡിക്കല്‍ ക്യാമ്പ്, ഭക്ഷ്യസുരക്ഷാ ക്യാമ്പ്, കായിക മത്സരങ്ങള്‍, ഉപന്യാസ രചന മത്സരം, സാംസ്‌കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജോര്‍ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, പി കെ സജിത, സുജാത മനക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് വി.കെ വിനോദ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ. കെ ബാലന്‍, വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.