ഡൽഹി-എൻസിആർ മേഖലയിൽ മാത്രം പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി രംഗത്ത്. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രിം കോടതിയുടെ നിർണായകമായ ഈ പരാമർശം ഉണ്ടായത്.
രാജ്യത്തെ മറ്റു നഗരങ്ങളിലും വലിയ തോതിലുള്ള വായുമലിനീകരണം ഉണ്ടാകുമ്പോൾ ഡൽഹിയിലെ ഉന്നതർക്ക് മാത്രമായി ശുദ്ധവായു ലഭിക്കണം എന്ന് പറയുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു.
ഈ വിഷയത്തിൽ രാജ്യവ്യാപകമായി ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചാൽ അത് രാജ്യത്തുടനീളം നടപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയുടെ ഈ അഭിപ്രായത്തെ മുതിർന്ന അഭിഭാഷക അപരാജിത സിംഗ് പിന്തുണച്ചു. ഡൽഹിയിലെ ഉന്നതർക്ക് മലിനീകരണം ഉണ്ടാകുമ്പോൾ നഗരം വിട്ടുപോകാൻ കഴിയും, എന്നാൽ സാധാരണക്കാർക്ക് അതിന് സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
പടക്കങ്ങൾക്ക് രാജ്യവ്യാപകമായി നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. എയർ ക്വാളിറ്റി മാനേജ്‌മന്റ് കമ്മീഷന് (CAQM) ഈ വിഷയത്തിൽ കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

