കോഴിക്കോട്: വെള്ളപൊക്ക ദുരിതം അനുഭവിക്കുന്ന ഒളവണ്ണ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ ‘രണദീപം ‘എന്ന യാനത്തിന് നല്‍കിയ ഇന്ധനം രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ബാക്കി വന്നത് ഫിഷറീസ് വകുപ്പിന് തിരിച്ച് നല്‍കി മത്സ്യത്തൊഴിലാളികള്‍ പ്രശംസ നേടി. തിരിച്ച് ഏല്‍പ്പിച്ച ഇന്ധനം വകുപ്പിനുവേണ്ടി ജൂനിയര്‍ സൂപ്രണ്ട് പ്രദീപന്‍.എം.പി, ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പ്രഭാകരന്‍.കെ, ജയപ്രകാശ്.ഇ.കെ, അജിത്ത്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി മത്സ്യഫെഡ് ബങ്കില്‍ ഏല്‍പ്പിച്ചു.
ഒളവണ്ണ പ്രദേശത്ത് നിന്ന് 150 പേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനും ഈ യാനത്തിന് കഴിഞ്ഞു. നാടിന് മാതൃകയായി ഇന്ധനം തിരിച്ച് ഏല്‍പ്പിച്ച മത്സ്യത്തൊഴിലാളികളെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനുമോദിച്ചു. പുതിയാപ്പ പുതിയങ്ങാടി കിണറ്റിങ്ങലകത്ത് പവിത്രന്റെ നേതൃത്വത്തില്‍ അനീഷ്, വിനീഷ്, ആകാശ് കിരണ്‍ , സൂരാജ്, ശിവന്‍, വിപിന്‍ദാസ്, ജിജി, വിഷ്ണു എന്നിവരാണ് രണദീപം എന്ന ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.