തിരുവനന്തപുരത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന നേതൃത്വം. വൈകാരിക ഘട്ടത്തിൽ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. സംഭവത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ തന്നെ സംസ്ഥാന നേതൃത്വത്തോട് സമ്മതിച്ചു. ധീരജിനെ അരുംകൊലയിൽ കേരളം നടുങ്ങിയിരിക്കുന്നതിനിടെ സിപിഎമ്മിന്റെ പാർട്ടി പരിപാടിയിൽ മെഗാ തിരുവാതിര നടത്തിയത് വലിയ വിവാദമായിരിക്കുകയാണ്.
വ്യക്തിപൂജയെ പ്രൊത്സാഹിപ്പിക്കുന്ന രീതിയിൽ പിണറായി വിജയനെ പാടി പുകഴ്ത്തിയ പാട്ടിനെതിരെ വലിയ എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നത്. ഇടത് അനുഭാവികളടക്കം ഇക്കാര്യത്തി എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. അതേസമയം മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു.
‘അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചത്. സംഭവിച്ചുപൊയി, തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത്,’ അദ്ദേഹം പറഞ്ഞു.
തിരുവാതിരയിലെ വരികൾ
‘‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി.
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്’’
തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറശാല പൊലീസാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

