ഇംഫാല്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മണിപ്പൂരില്‍ രണ്ട് മെയ്‌തേയി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തി. ജിരിബാം മേഖലയില്‍ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മേഖലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആറ് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു.
ലയ്ശ്രാം ബാരല്‍ സിങ് (63), മെയ്ബാം കെശ്വോ സിങ് (71) എന്നിവരെയാണ് ഇന്ന് വീടുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാണാതായ ആറ് ഗ്രാമീണരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതാണോ അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോയതാണോ എന്ന് വ്യക്തമല്ല.
തിങ്കളാഴ്ച ജിരിബാം ജില്ലയിലെ ബൊറോബേക്രയില്‍ പൊലീസ് സ്റ്റേഷനും സി.ആര്‍.പി.എഫ് ക്യാമ്പും ആക്രമിച്ച കുക്കി സംഘത്തിലെ 11 പേര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.