പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി സംസ്ഥാനസർക്കാർ.
കഴിഞ്ഞ മാസം 25-ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകി. എന്നിട്ടും മറുപടി കിട്ടിയില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇതിലേക്ക് സിബിഐ അന്വേഷണപ്രകാരം കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമർശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തിൽ രാഷ്ട്രീയചായ്‍വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിൾ ബഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു.