നാദാപുരം : കേരളത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന മുഴുവന്‍ റോഡുകളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെന്നും ഡിസൈന്‍ഡ് റോഡുകള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ്മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്‍കും. വില്യാപ്പള്ളി – എടച്ചേരി – ഇരിങ്ങണ്ണൂര്‍ റോഡ് രണ്ടാം ഘട്ട പരിഷ്‌ക്കരണ പ്രവൃത്തി എടച്ചേരി മീശമുക്ക് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാദാപുരം മണ്ഡലത്തില്‍ മാത്രം 331 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് പണം നല്‍കി കഴിഞ്ഞു. മലയോര കര്‍ഷിക മേഖലയായ നാദാപുരത്തിന്റെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കും.
ദേശീയ പാത 4 വരിയാക്കാനുള്ള നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. .തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പുതിയ റെയില്‍വേ ലൈന്‍ 66000 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ മുന്‍കൈയെടുക്കും. ഇതില്‍ 33000 കോടി കേരളം കേന്ദ്രത്തിന് നല്‍കും. റോഡും റെയില്‍വേ ലൈനും നിര്‍മിക്കാന്‍ കേന്ദ്രത്തിന് അങ്ങോട്ട് പൈസ കൊടുക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്.
400 പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ കേരളത്തില്‍ നടക്കുകയാണ്.ഇതില്‍ പാലാരിവട്ടം പാലത്തിന്റെ അനുഭവം ആവര്‍ത്തിക്കാന്‍ പാടില്ല ഇരുപത് ശതമാനം കരാറുകാര്‍ മാത്രമേ കഴിവുള്ളവരായുള്ളൂ .കോണ്‍ട്രാക്ടര്‍ ലൈസന്‍സ് പരിഷ്‌ക്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.
ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വ പ്രകാശ് സ്വാഗതം പറഞ്ഞു. നിരത്ത് വിഭാഗം എക്‌സി .എഞ്ചിനീയര്‍ സിന്ധു ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍ ,എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി കെ രാജന്‍ മാസ്റ്റര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.