കൊല്ലം: മങ്ങാട്ടില്‍ പൊറോട്ട കൊടുക്കാത്തതിന് ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. ഞായറാഴ്ച രാത്രിയില്‍ സംഘം ജംഗ്ഷനിലായിരുന്നു സംഭവം. ഹോട്ടല്‍ ഉടമ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സംഘം ജംഗ്ഷനിലെ സെന്റ് ആന്റണീസ് ഹോട്ടലില്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ ഹോട്ടല്‍ ഉടമയായ അമല്‍ കുമാറിനോട് പൊറോട്ട ആവശ്യപ്പെട്ടത്. പൊറോട്ട തീര്‍ന്നു പോയെന്നും കട അടക്കാന്‍ സമയമായെന്നും അമല്‍ കുമാര്‍ യുവാക്കളോട് പറഞ്ഞു. പക്ഷേ യുവാക്കള്‍ ആവശ്യത്തില്‍ ഉറച്ചു നിന്നു. പൊറോട്ട തരില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെയാണ് യുവാക്കള്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്.
യുവാക്കളുടെ മര്‍ദനത്തില്‍ ഹോട്ടല്‍ ഉടമയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ഇയാള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.