
കോൺഗ്രസിനെ ഇനി സണ്ണി ജോസഫ് നയിക്കും. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചടങ്ങുകൾ നടന്നത്.
പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്നും വിജയകരമായി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനിൽ നിന്നാണ് സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും കെപിസിസി അധ്യക്ഷന് ഒപ്പം പദവി ഏറ്റെടുക്കും.
പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൽ സമ്പൂർണ വിശ്വാസമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാ ജനങ്ങളെയും കൂട്ടി യോജിപ്പിക്കാൻ സണ്ണി ജോസഫിന് സാധിക്കുമെന്നും മലയോര കർഷർക്ക് ആശ്വാസം നൽകാൻ ഈ ടീമിന് സാധിക്കുമെന്നും എ.കെ ആന്റണി കൂട്ടിച്ചേർത്തു.