വെള്ളിമാട്കുന്നിലെ മേരിക്കുന്നില്‍ ഭിന്നശേഷിക്കാരായ മക്കളെയും മാനസികാസ്വാസ്ത്യമുള്ള ഭര്‍ത്താവ് സോമക്കുറുപ്പിനെയും സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്ന അംബികയുടെ വീട് കേന്ദ്ര സാമൂഹിക വകുപ്പിന് കീഴില്‍ കലക്ടര്‍ ചെയര്‍മാനായ നാഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് ട്രസ്റ്റിന്റെ ജില്ല സമിതി കണ്‍വീനര്‍ സിക്കന്ദറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. അഡ്വ: ഷമീര്‍ കുന്ദമംഗലം (മൂവ്മെന്റ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് കേരള), സാമൂഹ്യ ക്ഷേമനിധി ഓഫീസര്‍ ഷീബ മുംതാസ്, സാമൂഹ്യ പ്രവര്‍ത്തകനായ അക്ബര്‍ അലി ഖാന്‍. സിറാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വീടിന്റെ ദയനീയാവസ്ഥ കണ്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെള്ളിമാട്കുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി ബാബുരാജിന്റെ നേതൃത്വത്തില്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇവരുടെ ദുരിതാവസ്ഥ കാണിച്ച ഇത് നേരത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
വീട് സന്ദര്‍ശിച്ച ട്രസ്റ്റ് ഭാരവാഹികള്‍ ഒരു ലക്ഷം രൂപവരെയുള്ള ട്രീറ്റ്‌മെന്റിനുള്ള നിരാമയ ഇന്‍ഷുറന്‍സ് ശരിയാക്കും. കൂടാതെ കൂടാതെ ഗവണ്‍മെന്റ് സംരക്ഷണത്തിനായുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിനായുള്ള നടപടി ക്രമങ്ങള്‍ക്കായുള്ള തീരുമാനം ട്രസ്റ്റിന്റെ ജില്ലാസമിതി എടുക്കും. കൂടാതെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ശരിയാക്കാനും ധാരണയായി.
കൊപ്രജോലി ചെയ്ത് കുടുംബം നോക്കിയിരുന്ന സോമന്‍ തലയില്‍ ചാക്ക് കയറ്റി നടക്കുമ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചികിത്സ ചിലവിനായി അംബികയുടെ പേരിലുള്ള സ്ഥലം വിറ്റു. പശുവിനെയും കോഴികളെയും വളര്‍ത്തിയാണ് അംബിക ഇപ്പോള്‍ ജിവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഭര്‍ത്താവിന്റെ സ്ഥലം ക്രയവിക്രയം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സോമന്റെ ആദ്യ ഭാര്യയില്‍ വൈകല്യമുള്ള പെണ്‍കുട്ടിയുടെ പേരില്‍ 26 സെന്റ് സ്ഥലം കുട്ടിയുടെ അമ്മ മരിച്ച ശേഷം ലഭിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള വരുമാനം കുട്ടിയുടെ അമ്മാവന്‍ ഇവര്‍ക്ക് നല്‍കിയിരുന്നില്ല. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട ശേഷം സ്ഥലത്ത് നിന്ന് അനുഭവങ്ങള്‍ എടുക്കാനുള്ള അവകാശം നല്‍കി. എന്നാല്‍ നാളിതുവരെ സ്ഥലത്തിന്റെ പ്രമാണമോ കൈവശമോ ഇവര്‍ക്ക് നല്‍കാത്തത് കൊണ്ട് അനുബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടകയാണ്. ഇത് ഇവര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടിട്ടുണ്ട്.
വയ്യാത്ത മക്കള്‍ക്ക് അടച്ചുറപ്പോടെ താമസിക്കാന്‍ നല്ലൊരു വീടുവേണമെന്നാണ് അംബികയുടെ ആഗ്രഹം.