ഓഫിസേഴ്സ് അസോസിയേഷന്റെ സമരം തീർക്കാൻ വൈദ്യുതി മന്ത്രി ചർച്ചയ്ക്ക്
തയാറാകാത്തതിനെത്തുടർന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും ചെയര്‍മാന്‍ ബി അശോകിനുമെതിരെ രൂക്ഷ പരിഹാസവുമായി സിഐടിയു,പാലക്കാട്ട് കൊതുമ്പിന് മുകളിൽ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും
സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍. കേരളത്തില്‍ ചിറ്റൂര്‍ ഒഴിച്ച് മറ്റ് എല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ. എന്നാല്‍ അവിടെ മാത്രം കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങ എന്ന് സംശയം ഞങ്ങള്‍ക്കുണ്ട്.
ആരാണ് മന്ത്രി ആരാണ് ചെയര്‍മാന്‍. ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം. ബി അശോകിന് മീഡിയ മാനിയയാണ്. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ജാസ്മിന്‍ ബാനുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചെയര്‍മാന്‍ നടത്തിയ പരാമര്‍ശം ശരിയാണോ തെറ്റാണോ എന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം. ചെയര്‍മാന്‍ ചില സംഘടനകളുടെ താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന അരസംഘിയാണെന്നും സുനില്‍കുമാര്‍ വിമര്‍ശിച്ചു.ബോര്‍ഡ് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചത്. മന്ത്രി സമരക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ തലത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു.