വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ ലീഗിനെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല.
മുസ്ലിം ലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട. പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടില്‍ വെച്ചാല്‍ മതിയെന്നും മുനീര്‍ പറഞ്ഞു.
‘ഇ എം എസിൻ്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണ്. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാൽ ഞങ്ങളിനി സഭയിൽ ഇടപെടണ്ട എന്നാണോ? മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും മുനീർ പറഞ്ഞു.
ലീഗിൻ്റെ തലയിൽ കയറി നിരങ്ങണ്ട. പള്ളിയിൽ ലീഗ് സംസാരിച്ചാൽ വർഗീയ സംഘർഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളിൽ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്’ എന്നും മുനീർ പറഞ്ഞു. അതേസമയം കോഴിക്കോട് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തിലും മുനീർ പ്രതികരിച്ചു. കേസെടുത്തത് സമ്മേളനവിജയം കണ്ട് പരിഭ്രാന്തരായിട്ടാണെന്നും മുനീര്‍ പറഞ്ഞു
ലീഗ് ഓടിളക്കിയല്ല നിയമസഭയില്‍ വന്നത്; പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട; അത് വീട്ടില്‍ വെച്ചാല്‍ മതി വിമർശിച്ച് മുനീർ
