പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാത വേണമെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം.
സംസ്ഥാന സർക്കാർ തയാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പൊന്നാനിയിലെത്തി ചർച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് ശ്രീധരന്റേതെന്ന പേരിൽ പ്രസ്താവന വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തിയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്നം. ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇരുഭാഗത്തും ഉയരത്തിൽ മതിൽ കെട്ടി വേർതിരിക്കുന്നതിനാൽ പ്രാദേശിക യാത്രയെയും ചുറ്റുപാടിനെയും ബാധിക്കും.
അലൈൻമെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങൾ വേണ്ടിവരും. ഇതിനുള്ള ചെലവുകളൊന്നും കെ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണ്. കെ റെയിലിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ല.