സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഒഡിഷക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂന മര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റുകളെ ശക്തമാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധിയാണ്.
കോളേജുകള്‍ക്ക് അവധി ബാധകമല്ല.
വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അതേസമയം മുന്‍കൂട്ടി പ്രഖ്യാപിച്ച എസ്എസ്എല്‍സി സേ പരീക്ഷ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കേരളതീരത്ത് ഇന്ന് രാത്രി 11:30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

