കോഴിക്കോട് : കേരളമറിയപ്പെടുന്ന അന്ധനായ തെരുവ് ഗായകൻ കുന്ദമംഗലം സ്വദേശി കുഞ്ഞാവയെന്ന മൊയ്തീന് പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ കൈത്താങ്ങ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ പ്രതിനിധികൾ വീട്ടിലെത്തി ധനസഹായം കൈമാറി. കോഴിക്കോട് ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ റീജിണൽ ഡയറക്ടർ പി പക്കർ കോയ , പ്രൊജക്റ്റ് മാനേജർ അബീദ് അബ്ദുൾ ഹമീദ്, അക്കൗണ്ട്സ് മാനേജർ ദീപേഷ് മുല്ലശ്ശേരി,ഷിംജിത്ത് സോം, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടർ സി ആർ രാജേഷ് നൽകിയ വാർത്ത കാണാനിടയായ എം എ യൂസഫലി, പ്രതിനിധികളെ വിട്ട് കുഞ്ഞാവയുടെ വീട്ടിലെ നിലവിലെ അവസ്ഥ പരിശോധിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സാമ്പത്തികമായി സഹായിക്കാമെന്ന് തീരുമാനത്തിൽ എത്തുന്നത്.
കോവിഡ് ദുരിത കാലത്ത് ചികിത്സയ്ക്ക് പണമില്ലാതെ തന്റെ ഹാർമോണിയം വിറ്റ് മരുന്ന് വാങ്ങിയ കുഞ്ഞാവയുടെ ജീവിതകഥ ലോക സംഗീത ദിനത്തിൽ തന്നെ ആദ്യമായി പുറത്ത് കൊണ്ടു വരുന്നത് കുന്ദമംഗലം ന്യൂസ് ഡോട് കോമായിരുന്നു. ഇതേ തുടർന്ന് വിറ്റ ഹാർമോണിയം , ഒരു വർഷത്തേക്ക് കുടുംബത്തിനാവിശ്യമായ ഭക്ഷ്യ വസ്തുക്കൾ, കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ഫോണും ടി വിയും, ചികിത്സയുമായി ബന്ധപ്പെട്ട ഒരു വർഷത്തേക്കുള്ള മരുന്ന്, തബല, എന്നിവ സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലു കൊണ്ട് ലഭിച്ചിരുന്നു. പിന്നീട് പത്താം ക്ലാസ്സിൽ വിജയിച്ച കുഞ്ഞാവയുടെ മകളുടെ വിജയത്തെ തുടർന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോം തന്നെ നൽകിയ വാർത്തയിൽ കുട്ടിയുടെ പ്ലസ് വൺ പഠനത്തിനാവിശ്യമായ തുകയും ഏറ്റെടുക്കപ്പെട്ടു.
പിന്നീട് പ്രമുഖ മാധ്യമങ്ങളിലെല്ലാം തന്നെ കുഞ്ഞാവയുടെ വാർത്തകൾ വന്നു തുടങ്ങി. ദൃശ്യ മാധ്യമങ്ങളിലും,അച്ചടി മാധ്യമങ്ങളിലും കുഞ്ഞാവ ജീവിതം ആളുകൾ കണ്ടു തുടങ്ങി, പലരും കുഞ്ഞാവയെ തേടിയെത്തി. അങ്ങനെ കൂടുതൽ സഹായമെത്തി തുടങ്ങി. അത്തരം വാർത്തകളിലൂടെയാണ് യുസുഫലിയെന്ന നല്ല മനസ്സിനുടമയുടെ കൈത്താങ്ങ് ഇന്ന് ഈ കുടുംബത്തിന് ലഭ്യമായത്.
ഇന്ന് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ പ്രതിനിധികൾക്ക് പുറമെ സാമൂഹ്യ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, കായക്കൽ അഷറഫ്, നാസർ കാരന്തൂർ, എം സിബ്‌ഗത്തുള്ള തുടങ്ങിയവർ സന്നിഹിദ്ധരായിരുന്നു.

