കോഴിക്കോട് : കോവിഡ് ആശങ്കകള്‍ക്കിടെ പ്രവാസി മലയാളികൾ മടങ്ങി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 12.20 ഓടെ എത്തും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് ഒരു മണിക്കൂര്‍ വൈകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് ഇതില്‍ തിരിച്ചെത്തുക. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് വയസിന് താഴെ പ്രായമുള്ള 35 കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ള 4 പേരുമുണ്ട്. അടിയന്തര ചികിത്സാര്‍ത്ഥം 22 പേരും വരുന്നുണ്ട്.
കോഴിക്കോട് ജില്ലക്കാരായ 67 പേരാണ് ഈ വിമാനത്തില്‍ തിരിച്ചെത്തുന്നത്. ഇവരില്‍ 9 പേര്‍ ഗര്‍ഭിണികളും 13 പേര്‍ പത്ത് വയസ്സില്‍ താഴെയുള്ളവരും ഒരാള്‍ 65 വയസ്സിനു മുകളിലുള്ളയാളും 8 പര്‍ അടിയന്തര ചികിത്സയ്ക്ക് എത്തുന്നവരുമാണ്. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയക്കും. ബാക്കി 36 പേരെ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.
മലപ്പുറം 27, എറണാകുളം ഒന്ന്, കണ്ണൂര്‍ 51, കാസര്‍കോഡ് 18, കൊല്ലം ഒന്ന്, പാലക്കാട് ഏഴ്, പത്തനംതിട്ട ഒന്ന്, തൃശൂര്‍ ആഞ്ച്, വയനാട് അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവരുടെ കണക്ക്.
കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും.
പ്രവാസികളെ കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹന സൗകര്യങ്ങള്‍ വിമാനത്താവള പരിസരത്തു തന്നെ സജ്ജമാക്കുന്നുണ്ട്. പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഡ്രൈവർ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവർ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം.