മലയാളികൾക്ക് അന്നും ഇന്നും എന്നും ;പ്രീയപ്പെട്ടവളാണ് മഞ്ജു, 1978 സെപ്റ്റംബര്‍ 10ന് മാധവൻ വാര്യര്‍-ഗിരിജ വാര്യര്‍ ദമ്പതികളുടെ മകളായാണ് മഞ്ജു വാര്യരുടെ ജനനം.’സല്ലാപ’ത്തിലൂടെ നായികാ പദവിയിലേക്കുയര്‍ന്ന നടി മഞ്ജു വാര്യരുടെ 41-ാം ജന്മദിനമാണിന്ന്.
രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചിരുന്നത്. തന്‍റെ 18-മത്തെ വയസ്സില്‍ ‘സല്ലാപം’ (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതില്‍ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചിട്ടുണ്ട്.
1999ല്‍ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24 നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലേക്ക് മടങ്ങിയെത്തിയത്. 2015-ലാണ് ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്.
6 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെ അവര്‍ ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു. തുടര്‍ന്ന് 2015-ല്‍ ‘എന്നും എപ്പോഴും’, ‘റാണി പത്മിനി’ എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. ശേഷം ‘പാവാട’, ‘വേട്ട’, ‘കരിങ്കുന്നം സിക്സസ്’, ‘കെയര്‍ ഓഫ് സൈറ ബാനു’, ‘ഉദാഹരണം സുജാത’, ‘വില്ലൻ’, ‘ആമി’, ‘മോഹൻലാൽ’, ‘ഒടിയന്‍’, ‘ലൂസിഫര്‍’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
‘ജാക്ക് ആൻഡ് ജിൽ’, ‘അസുരൻ’, ‘കയറ്റം’, ‘പ്രതി പൂവൻകോഴി’, ‘മരക്കാര്‍ – അറബിക്കടലിന്‍റെ സിംഹം’ എന്നിവയാണ് പുത്തൻ ചിത്രങ്ങള്‍. ധനുഷിനൊപ്പം തമിഴിൽ അഭിനയിക്കുന്ന അസുരൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ മഞ്ജു അഭിനയിക്കുന്ന നായികാകഥാപാത്രം വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സഹോദരന്‍ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്. ഏക മകൾ മീനാക്ഷി ആദ്യ ഭർത്താവും നടനുമായ ദിലീപിനൊപ്പമാണിപ്പോൾ.

