പ്രാദേശികതയുടെ അടയാളപ്പെടുത്തലുകള്‍ നിലനിര്‍ത്തിപ്പോരുന്ന ഉത്സവമാണ് ഓണം. അതിന് സഹായകമാകുന്നത് ഓരോ പ്രദേശത്തും ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന വിവിധ കലാ കായിക സാംസ്കാരിക പരിപാടികളാണ്. ഓണത്തിന് മലയാളികള്‍ പൊതുവായി പല വിനോദങ്ങളിലും ഏര്‍പ്പെടാറുണ്ട്. സമത്വത്തിന് ഊന്നല്‍ കൊടുക്കുന്ന വിനോദങ്ങളാണ് അധികവും.
അത്തച്ചമയത്തോടെയാണ് ഇപ്പോള്‍ മലയാളികളുടെ ഓണാഘോഷം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍-കൊച്ചി രാജവംശങ്ങള്‍ നടത്തിയിരുന്ന അത്തച്ചമയം 1961 മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. തൃക്കാക്കരയില്‍ ബഹുജനപങ്കാളിത്തത്തോടെയാണ് അത്തച്ചമയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
കലയെന്ന നിലയില്‍ അല്ലെങ്കില്‍ ആചാരമെന്ന നിലയില്‍ ഓണാഘോഷങ്ങളില്‍ ആദ്യം പൂക്കളം ഒരുക്കുന്നതാണ്. ചിങ്ങം ഒന്ന് മുതല്‍ മാസാവസാനം വരെ മലയാളികള്‍ വീട്ടുമുറ്റത്ത് പൂക്കളമിടുന്നു. പക്ഷേ അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിടുന്ന സമ്പ്രദായത്തിനാണ് കൂടുതല്‍ പ്രാധാന്യം.
ചിത്രകലയിലെ പ്രതിഭ മാത്രമല്ല പൂക്കളമൊരുക്കലില്‍ പ്രാധാന്യം. ഇത് മനുഷ്യനെ പ്രകൃതിയോട് ഏറ്റവും ചേര്‍ത്തുനിര്‍ത്തുന്ന ഒരു കലയായി വേണം കാണാന്‍.
ആചാരമെന്നോണം കണക്കാക്കുന്ന ഒരു കലാരൂപമാണ് ഓണപ്പൊട്ടന്‍ അല്ലെങ്കില്‍ ഓണത്താര്‍. പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതിഹ്യം. മുന്നൂറ്റാന്‍ സമുദായത്തിലെ ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. ഓണത്തിന് ഓരോ വീട്ടിലുമെത്തുന്ന ഓണപ്പൊട്ടന്‍ മണി കിലുക്കിയാണ് തന്റെ വരവ് അറിയിക്കുക.