ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. തീരദേശജനതയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ലത്തീന്‍ അതിരൂപത സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. മത്സ്യബന്ധന യാനങ്ങളും കൊണ്ട് വന്ന് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ബോട്ടുകള്‍ കൊണ്ടുവരാനുള്ള നീക്കം പോലീസ് തടഞ്ഞു. ബോട്ടുകള്‍ നിരത്തിലിറക്കാനുള്ള ശ്രമം തടഞ്ഞതോടെ സമരക്കാരും പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു.
തിരുവല്ലം, കഴക്കൂട്ടം, ഈഞ്ചയ്ക്കല്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ബോട്ടുകളിലുമായി എത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ചെറിയതോതില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ സെക്രട്ടറിയേറ്റിന്റെ ഭാഗത്തേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. വാഹനങ്ങള്‍ കടത്തിവിടാത്തതിനെത്തുടര്‍ന്ന് സമരക്കാര്‍ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. അതിനിടെ പൊലീസ് തടഞ്ഞെങ്കിലും വള്ളങ്ങള്‍ കയറ്റിയ ചില വാഹനങ്ങള്‍ സമര കേന്ദ്രമായ മ്യൂസിയം ജംഗ്ഷനില്‍ എത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.