പരാതി പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി സോഫ്‌റ്റ്വെയര്‍ കണ്ടെത്തി കുന്ദമംഗലം സ്വദേശി. കലൂര്‍ വാട്ടര്‍ വര്‍ക്സ് സബ് ഡിവിഷനില്‍ റവന്യു ഹെഡ് ക്ലര്‍ക്കായ എം.പി. ഷഫീഖാണ് പുതിയ സോഫ്റ്റ് വേറുമായി ശ്രദ്ധേയനാവുന്നത്. ‘ഹെല്പ് ഡെസ്‌ക് മാനേജര്‍’ എന്ന സോഫ്റ്റ് വെയര്‍ ആണ് ഷഫീഖ് വാട്ടര്‍ അതോറിറ്റിക്ക് ഏകീകൃത പരാതി പരിഹാര സംവിധാനമായി കണ്ടെത്തിയത്.
മുന്‍പൊക്കെ പരാതി പരിഹാരത്തിനായി പരാതി കണ്ടെത്താന്‍ തന്നെ ഏറെ സമയമെടുത്തിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് സഫീഖ് ഹെല്‍പ് ഡെസ്‌ക് മാനേജര്‍ എന്ന പുതിയ സോഫ്റ്റ് വെയര്‍ കണ്ടെത്തുന്നത്. ഈ സോഫ്റ്റ് വെയറിലുടെ ഗുണഭോക്താവിന്റെ വിവരങ്ങള്‍ തത്സമയം ലഭ്യമാകുന്നതിനൊപ്പം സമയബന്ധിതമായി പരിഹരിക്കാനുമാവും. പരാതി കൊടുത്തവരുടെ പേര് വച്ചോ ഫോണ്‍ നമ്പര്‍ വെച്ചോ പരാതി കണ്ടെത്താനാകും.
2020ല്‍ കോവിഡ് മഹാമാരിയുടെ അതിപ്രസരം ഉള്ള സമയത്ത് പരാതികള്‍ കെട്ടികിടക്കുകയും പരാതിക്കാര്‍ക്ക് അവരുടെ പരാതിയുടെ നിലവിലെ സ്റ്റാറ്റസ് പറഞ്ഞു കൊടുക്കാന്‍ ഒരുപാട് സമയം എടുക്കുകയും ചെയ്യുന്ന സ്ഥിതിയും ജോലിക്കാര്‍ കുറവ് ഉള്ള സമയമായതിനാലും ഇതിനുള്ള പരിഹാരം എന്തെന്ന് ആലോചിക്കുകയും ക്രമേണ ഈ സോഫ്റ്റ് വെയര്‍ കണ്ടെത്തുകയും ആയിരുന്നു. ഈ സോഫ്റ്റ് വെയര്‍ റവന്യൂ ഓഫിസറുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം സംസ്ഥാന തലത്തില്‍ ഇത് വ്യാപിക്കുന്നതിനെ കുറിച്ച് ഉന്നത തലത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
2021ല്‍ ഈ സോഫ്റ്റ് വെയര്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാന്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് എല്ലായിടത്തും ഇതിന്റെ ട്രെയിനിങ് ഷഫീഖ് തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അത് പ്രകാരം കണ്ണൂര്‍ സര്‍ക്കിള്‍ ഒഴിച്ച് എല്ലാ സ്ഥലങ്ങളിലും ഇത് വരെ ഷഫീഖ് ട്രെയിനിങ് നടത്തി. ജൂണ്‍ 27ന് കണ്ണൂരില്‍ ട്രെയിനിങ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഷഫീഖിന് നല്‍കിയത്.
സ്വന്തം ജോലി ലഘൂകരിക്കുന്നതിന്റെ ഭാഗമായി എക്‌സല്‍ പ്രോഗ്രാമില്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറിന് വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരവും ലഭ്യമായതോടെയാണ് സംസ്ഥാന തലത്തില്‍ എല്ലാ സബ് ഡിവിഷണല്‍ ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്നത്. വാട്ടര്‍ അതോറിറ്റി അക്കൗണ്ട്‌സ് അംഗം വി. രമ സുബ്രഹ്‌മണിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പരാതി രേഖപെടുത്തലും തുടര്‍ നടപടിയും ഡിജിറ്റലാക്കിയതോടെ പകുതി സമയം ലാഭിച്ച് ഗുണപരമായി ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്കും സാധിക്കുന്നു.
കംപ്യുട്ടര്‍ വിജ്ഞാനം ഒന്നും ഇല്ലാത്ത ഷഫീഖ് താല്പര്യം കൊണ്ട് യുട്യൂബും, പുസ്തകങ്ങള്‍ വായിച്ചുമാണ് സോഫ്റ്റ് വെയര്‍ നിര്‍മിച്ചത്. നേരത്ത ജീവനക്കാരുടെയും വിരമിച്ചവരുടെയും ആദായ നികുതി കണക്കെടുക്കുന്നതിനും ഷഫീഖ് തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ സംസ്ഥാന തലത്തില്‍ ഉപയോഗിച്ചിരുന്നു.
കോഴിക്കോട് കുന്ദമംഗലം വരട്ടിയാക്ക് സ്വദേശിയാണ് ഷഫീഖ്. ഭാര്യ എം.കെ. ഷൈമ, മക്കള്‍ : ഹന ഷഫീഖ്, അനീഖ് മുഹമ്മദ്, അഹ് ലാം ഷഫീഖ്.