കൊല്ലം: അരും കൊലയിൽ വിറങ്ങലടിച്ച് കേരളം. കൊട്ടാരക്കരയിലെ വനിതാ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും. അസീസിയയിലെ വിദ്യാർത്ഥിയാണ് വന്ദന. കോളേജിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിയാണ് വന്ദന.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു.
പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

