പട്‌ന: അനധികൃത മണല്‍ ഖനന കേസില്‍ ആര്‍ജെഡി ജനറല്‍ സെക്രട്ടറിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ കൂടിയായ സുഭാഷ് യാദവ് അറസ്റ്റില്‍. സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്സണ്‍ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. 20 എഫ്‌ഐആറുകളാണ് ബിസിപിഎല്ലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃത മണല്‍ വില്‍പനയിലൂടെ 161 കോടി രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തല്‍.
ഈ സിന്‍ഡിക്കേറ്റിലെ പ്രധാന അംഗമായ സുഭാഷ് യാദവിനും അടുത്ത കൂട്ടാളികള്‍ക്കും ബന്ധമുള്ള പട്‌നയിലെ എട്ട് ഇടങ്ങളില്‍ ഇഡി ശനിയാഴ്ച തെരച്ചില്‍ നടത്തിയിരുന്നു. റെയ്ഡില്‍ 2.3 കോടി രൂപയിലധികം പണവും രേഖകളും പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്തത്.