വിജേഷ് പിള്ളയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് സ്വപ്ന സുരേഷ്. സ്വപ്ന തന്റെ ഫെയ്സ്ബുക്കില്‍ കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്. തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇനി കോടതിയിലും ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു.
സ്വപ്‌നയുടെ പോസ്റ്റ് :
‘എന്നെ കണ്ടുവെന്ന് വിജേഷ് പിള്ള സമ്മതിച്ചു. ഹരിയാനയെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളും സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്‌തെന്നു പറഞ്ഞതും അംഗീകരിച്ചു. എം.വി.ഗോവിന്ദന്റെയും എം.എ.യൂസഫലിയുടെയും പേരുകള്‍ താന്‍ പരാമര്‍ശിച്ചതായും വിജേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ചു പരാമര്‍ശിച്ചതും സ്വര്‍ണക്കടത്തു കേസിലെ തെളിവുകള്‍ എന്നോട് ആവശ്യപ്പെട്ടതും സമ്മതിച്ചു. പക്ഷെ എല്ലാം മറ്റൊരു പശ്ചാത്തലത്തിലാണ് പറഞ്ഞതെന്നാണ് വിജേഷ് പറയുന്നത്. എനിക്കൊരു കാര്യം മാത്രമേ പറയാനുള്ളു സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ വിവരം പൊലീസിനെയും ഇഡിയെയും അറിയിച്ച് രേഖകള്‍ സമര്‍പ്പിച്ച് നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ട് ഏജന്‍സികളും വിജേഷിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇനി അവരാണ് അന്വേഷിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടത്. വിജേഷിനെ ആരെങ്കിലും അയച്ചതാണോ എന്നു കണ്ടെത്തേണ്ടതും അവരാണ്. എനിക്കെതിരെ പൊലീസില്‍ മാനനഷ്ട, വഞ്ചനാ പരാതി നല്‍കിയെന്നാണ് വിജേഷ് പറഞ്ഞിരിക്കുന്നത്. ഏതു നിയമനടപടിയും നേരിടാന്‍ ഒരുക്കമാണെന്നും സ്വപ്‍ന പറഞ്ഞു.