കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കരിപ്പൂരിലെ അപകടം അത്യന്തം നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിലെ അപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശനവും നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
14 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. മരണപ്പെട്ടവരെയെല്ലാം തിരിച്ചറിയാനായി. 149 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 23 പേർ ഗുരുതരാവസ്ഥയിലാണ്. 16 ആശുപത്രികളിലായാണ് രോഗികൾ ചികിത്സയിലുള്ളത്. മരിച്ചവരിൽ ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം കേന്ദ്ര വ്യോമയാനമന്ത്രി ഹർദിപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു.

