Kerala News

ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നുണകള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും എന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഡിവെഎഫ്‌ഐ പ്രതികരിച്ചത്.

ഡിവെഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നുണകള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ വലത് മാധ്യമങ്ങളെ കൂട്ട് പിടിച്ചു നുണ പ്രചരിപ്പിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി സഭയേയും താറടിച്ചു കളയാം എന്ന വ്യാമോഹത്തിലായിരുന്നു ബിജെപി. എന്നാല്‍ അവര്‍ വെയിലത്ത് വെറുതെ കയിലും കുത്തി നടന്നതല്ലാതെ കേരളം കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. നിയമസഭാ നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും കേന്ദ്രം തുടലിലിട്ട ഒരു കൂട്ടം ഏജന്‍സികള്‍ കേരളത്തില്‍ കുറേ മണത്തു നടന്നു. അവരുടെ കയ്യില്‍ നിന്ന് കിട്ടിയ നുണക്കഥകളും പ്രതിയുടെ അടുക്കളയില്‍ മീന്‍വെട്ടിക്കൊടുത്ത് സംഘടിപ്പിച്ച തിരക്കഥകളും നിരത്തി പാപ്പരാസി ചാനലുകാര്‍ കുറേ കുരുക്ക് മുറുക്കി. എന്നാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഈ അസത്യപ്രഘോഷകര്‍ക്ക് മറുപടി നല്‍കിയത് ചരിത്ര ഭൂരിപക്ഷത്തോടെ രണ്ടാം പിണറായി സര്‍ക്കാരിനെ വരവേറ്റും സഖാവ് പിണറായി വിജയന് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയുമാണ്.

യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലോ സ്വര്‍ണ്ണം ആര്‍ക്കു വേണ്ടി കടത്തി എന്നതിന് ഉത്തരം പറയുന്നതിനോ കാല്‍ ഡസന്‍ കേന്ദ്രഏജന്‍സികള്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ ബിജെപി ചാനല്‍ മേധാവി ഉള്‍പ്പെടെ സ്വര്‍ണ്ണ കടത്തു കേസില്‍ ആരോപണവിധേയരായ സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ കേന്ദ്രം കേസന്വേഷണം അട്ടിമറിച്ചു. ആട് കിടന്നിടത്ത് പിന്നെ പൂട പോലുമില്ലാതെ അന്ന് ആവിയായ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണവുമായി സ്വപ്ന സുരേഷ് വരുന്നത് ബിജെപിയുമായി അവര്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്. സ്വര്‍ണ്ണക്കടത്ത് കേസിനു ശേഷം തനിക്ക് ജോലി നല്‍കിയതും ചേര്‍ത്ത് പിടിച്ചു സഹായിച്ചതും ബിജെപി അനുകൂല എന്‍ജിഒ സ്ഥാപനമാണെന്ന് സ്വപ്ന സുരേഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തിയതിന് തൊട്ടു പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉപയോഗിച്ച് നനഞ്ഞ പടക്കത്തിന് തീ കൊടുക്കാന്‍ വെറുതെ ശ്രമിക്കുന്നത്. വിവരമില്ലാത്ത ഏതോ വടക്കു നോക്കി സംഘിയുടെ തലയിലല്ലാതെ ബിരിയാണിച്ചെമ്പില്‍ മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്തി എന്ന വികലഭാവന വിരിയില്ല.

സ്വര്‍ണ്ണ കടത്ത് കേസില്‍ ആദ്യം തന്നെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത് കേരള സര്‍ക്കാരാണ്. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന പ്രതിപക്ഷത്തിന്റെ നിര്‍ലോഭമായ ഗ്രൗണ്ട് സപ്പോര്‍ട്ടോടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി കേരളം മുഴുവന്‍ മണത്തു നടന്നിട്ടും മുഖ്യമന്ത്രിയേയൊ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളെയൊ പ്രതിയാക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ പൊളിഞ്ഞ അതേ തിരക്കഥയില്‍ വീണ്ടും പടമിറക്കി മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും നിഴലില്‍ നിര്‍ത്താമെന്നും ജനപക്ഷ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തകര്‍ക്കാമെന്നുമുള്ള വ്യാമോഹം ഇവിടെ വേവില്ല. ചീറ്റി പോയ ഒരു തിരക്കഥയുടെ രണ്ടാം ഭാഗത്തിന്റെ ക്വട്ടേഷനുമായുള്ള സ്വപ്ന സുരേഷിന്റെ വാര്‍ത്താ സമ്മേളനം പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളി കളയുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!