തൃശൂര്‍: ഷര്‍ട്ടിടാതെ രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആംബുലന്‍സില്‍ ചാടിയിറങ്ങി രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആശുപത്രി ജീവനക്കാര്‍ക്കൊപ്പം അകത്തേക്ക് പായുന്ന ഷര്‍ട്ടിടാത്ത ഡ്രൈവറുടെ അര്‍പ്പണബോധത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. തൃശൂര്‍ ചാവക്കാട് ചേറ്റുവ സ്വദേശി അജ്മലാണ് ഡ്രൈവര്‍.
ട്രിപ്പ് കഴിഞ്ഞ് തളിക്കുളത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് കഴുകുകയായിരുന്നു അജ്മല്‍. ഇതിനിടെയാണ് കൂട്ടുകാരന്‍ വിളിക്കുന്നത്. ‘സഹോദരന്‍ ടെറസില്‍ നിന്ന് വീണു, അനക്കമൊന്നുമില്ല, നീ പെട്ടെന്ന് വരണം’. ഷര്‍ട്ടിട്ട് വരാന്‍ സമയമില്ലാത്തിനാല്‍ അജ്മല്‍ ആ രൂപത്തില്‍ തന്നെ ആംബുലന്‍സുമായി പുറപ്പെട്ടു.
അപകടം സംഭവിച്ച 16കാരനുമായി കാറില്‍ പുറപ്പെട്ട വീട്ടുകാര്‍ അതിനകം പകുതി ദൂരം പിന്നിട്ടിരുന്നു. കാറിനടത്തെത്തി രോഗിയെ ആംബുലന്‍സിലേക്ക് മാറ്റി വാടാനപ്പിള്ളി ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. ആശുപത്രിയില്‍ ഇറങ്ങിയതില്‍ പിന്നെ ഷര്‍ട്ടുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാന്‍ സമയമില്ലായിരുന്നു. പതിവ് പോലെ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം അത്യാഹിത വിഭാഗത്തിലേക്ക് ഓടുകയായിരുന്നു അജ്മല്‍. സമയോചിതമായ ഇടപെടലില്‍ ആ കൗമാരക്കാരന്‍ ആരോഗ്യം വീണ്ടെടുത്തു.
എന്നാല്‍, ആശുപത്രി സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് ആംബുലന്‍സ് ഓടിച്ചിരുന്ന യുവാവിനെ അന്വേഷിച്ച് ലോകത്തിന്റെ പലകോണിലിരുന്ന് മനുഷ്യര്‍ ചോദിച്ചുകൊണ്ടിരുന്നത്. അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുന്നത് ചേറ്റുവ സ്വദേശി അജ്മലാണെന്ന് തിരിച്ചറിഞ്ഞതില്‍ നാട്ടുകാര്‍ക്കിടയിലും താരമായി മാറി.