കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസിലെത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. പ്രധാനമന്ത്രി തന്നെയാണ് വാക്സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം കോ വാക്സിന്റെ ആദ്യ ഡോസ് എടുത്തത്.
‘ഇന്ന് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എയിംസില്‍ നിന്ന് സ്വീകരിച്ചു. വൈറസിനെ കീഴ്പെടുത്താനുള്ള വഴികളില്‍ ഒന്നാണ് വാക്സിനേഷന്. നിങ്ങള്‍ വാക്സിൻ സ്വീകരിക്കുന്നതിന് യോഗ്യരെങ്കില്‍ എത്രയും പെട്ടെന്ന് എടുക്കുക’ വാക്സിൻ റജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ വെബ്സൈറ്റിന്റെ ലിങ്ക് കൂടി പങ്കുവച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മോദിക്ക് വാക്സിന്റെ ആദ്യ ഡോസ് നല്കിയ പുതുച്ചേരി സ്വദേശിയായ നഴ്സ് പി. നിവോദ തന്നെയാണ് രണ്ടാമത്തെ കുത്തിവയ്പ്പും എടുത്തത്. പഞ്ചാബ് സ്വദേശിയായ നിഷ ശര്‍മ എന്ന നഴ്സും ഒപ്പമുണ്ടായിരുന്നു.