സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്നാരോപിച്ച് രണ്ട് ഉദ്യോഗാർഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ഇടപെട്ട് മണ്ണെണ്ണ ക്യാൻ പിടിച്ചുമാറ്റുകയായിരുന്നു.കേരളത്തിൽ എവിടെയെങ്കിലും ഉദ്യോഗാർഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി കേരള സർക്കാർ ആയിരിക്കുമെന്നും ആത്മഹത്യാ ശ്രമം നടത്തിയ ഉദ്യോഗാർഥി പറഞ്ഞു. ഇത് സർക്കാരിനുള്ള സൂചനയാണെന്നും, ഇതിൽ നിന്ന് പാഠം ഉൾകൊള്ളാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമര രീതിയുടെ ഗതി മാറും എന്നും ഉദ്യോഗാർഥികൾ പറഞ്ഞു.