തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല. ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരൻ ശ്രീരേഖ്, അജ്മൽ, ശ്രീരാജ് എന്നിവർ എറണാകുളത്തുനിന്ന് ട്രെയിനിലെത്തി രണ്ടാംകവാടത്തിലൂടെ പുറത്തേക്കുവന്നു. ഈസമയം ദിവാൻജി മൂലയിൽ തമ്പടിക്കുന്ന ഒരു സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങൾ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. അജ്മൽ ദിവാൻജിമൂലയിലെ താമസക്കാരനാണ്. പരിക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അക്രമിസംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുസംഘത്തിലുംപെട്ട രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന.
തൃശ്ശൂരിൽ യുവാവിനെ കുത്തികൊന്നു: ട്രെയിനിൽ എത്തിയവരുടെ ബാഗ് തട്ടിപ്പറിച്ചുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ

