
നരിയംപാറ പീഡന കേസിലെ പ്രതി മനു മനോജിന്റെ മരണത്തില്‍ ആരോപണവുമായി അച്ഛന് മനോജ്. മകനെ ജയില്‍ ജീവനക്കാര്‍ കൊന്നുകെട്ടിത്തൂക്കിയതായിരിക്കുമെന്ന് അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ ഇടപെടലില്‍ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മനോജ് ആരോപിച്ചു. തോര്‍ത്തില്‍ തൂങ്ങി മരിച്ചെന്നാണ് പറയുന്നത്. ചെറിയ തോര്‍ത്തുകൊണ്ട് ഗ്രില്ലില്‍ കെട്ടിത്തൂങ്ങി മരിക്കാനാകുമോ. തോര്‍ത്തില്‍ കെട്ടിത്തൂങ്ങി മരിച്ചയാളുടെ പെടലിയില്‍ മുറിവ് വരുന്നത് എങ്ങനെയാണെന്നും മനോജ് ചോദിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് മുട്ടം ജയിലില്‍ മനു മനോജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. തോര്‍ത്തും ഉടുമുണ്ടും ചേര്‍ത്തുകെട്ടി യുവാവ് തൂങ്ങിമരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. ബിജെപിയുടെ രാഷ്ട്രീയക്കളിയാണ് പെണ്‍കുട്ടിയുടെയും മകന്റെയും ജീവനെടുത്തതെന്നും മനോജ് ആരോപിച്ചു. മനു ഡിവൈഎഫ്ഐ പ്രവര്‍ത്തകനായതിനാല്‍ ബിജെപി രാഷ്ട്രീയം കളിച്ചെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. മനുവും പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന് ഇതിനെ എതിര്‍ക്കുകയും അയാളുടെ പ്രേരണയില്‍ കുടുംബം യുവാവിനെതിരെ പീഡന പരാതി നല്‍കുകയുമായിരുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിച്ച് നല്‍കാം എന്ന് ഇരുവീട്ടുകാരും ധാരണയില്‍ എത്തിയതാണ്. എന്നാല്‍ പ്രസ്തുത പൊലീസുകാരന് ഇടപെട്ട് ഇത് അട്ടിമറിച്ചെന്നും വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിച്ചെന്നും യുവാവിന്റെ കുടുംബം ആരോപിക്കുന്നു. കേസ് നല്കി രണ്ട് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒക്ടോബര്‍ 31 ന് മരിച്ചു. തുടര്‍ന്ന് മനു പൊലീസില്‍ കീഴടങ്ങി. അതേസമയം സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ മനുവിനെ പുറത്താക്കുകയും ചെയ്തിരുന്നു.

