സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തി യുവാവ്. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷാണ് സ്വന്തം വീട്ടില്‍ മോഷണം നടത്തിയത്. സ്വന്തം വീട് കുത്തിത്തുറന്ന് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളുമാണ് യുവാവ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പകലാണ് വീട്ടില്‍ മോഷണം നടന്നത്.
പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവര്‍ത്തികള്‍. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടില്‍ തന്നെ മോഷണത്തിനായി കയറിയത്.
കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛന്‍ കരുതിവെച്ചിരുന്ന 50,000രൂപ അലമാര തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരിയില്‍നിന്നും മുപ്പതിനായിരം രൂപ എടുത്ത് ഇയാള്‍ വാഹനത്തിന്റെ കടം വിട്ടിയിരുന്നു. അത് അച്ഛന്‍ മനസ്സിലാക്കിയില്ല എന്ന് മനസ്സിലായപ്പോള്‍ വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ഇയാളുടെ ഭാര്യയെ അവരുടെ വീട്ടില്‍ ആക്കി തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു. പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റേതിനേക്കാള്‍ വലിയ 10 ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും തകര്‍ത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറി ആ പൊടിയില്‍ മനപ്പൂര്‍വ്വം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോള്‍ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവര്‍ച്ചയെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല. ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാനാണ് മോഷണം നടത്തിയതെന്ന് സനീഷ് പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സനീഷിനെ റിമാന്‍ഡ് ചെയ്തു.