
കുടുംബ ബജറ്റ് തകർത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിച്ചു . സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി. സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 553 രൂപ നല്‍കണം. 500 രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു.