വിജയവാഡ: ആന്ധ്ര പ്രദേശില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നല്‍കി കൊലപ്പെടുത്തി. മകള്‍ക്ക് കറുപ്പ് നിറമായതാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ കാരേംപുടി പൊലീസ് കേസെടുത്തു. പെറ്റസനേഗണ്ട്‌ല ഗ്രാമത്തിലെ മഹേഷ് എന്നയാളാണ് പ്രതി. മകള്‍ അക്ഷയക്ക് ഇയാള്‍ വിഷം കലര്‍ത്തിയ പ്രസാദം നല്‍കുകയായിരുന്നു. കൂടാതെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാന്‍ ഭാര്യ ശ്രാവണിയെ നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിയുന്നത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവും ബന്ധുക്കളും ശ്രാവണിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് എസ്.ഐ രാമാഞ്ജനേയുലു പറഞ്ഞു. കൂടാതെ മകളോടൊപ്പം ഇടപഴകാന്‍ പലപ്പോഴും സമ്മതിക്കാറില്ലായിരുന്നു. മാര്‍ച്ച് 31നാണ് കുഞ്ഞിനെ അബോധാവസ്ഥയിലും മൂക്കില്‍നിന്ന് രക്തം വരുന്ന നിലയിലും ശ്രാവണി കണ്ടെത്തിയത്. ഉടന്‍ കരേംപുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

