കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 12 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന് എത്തിയ മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസ്സാന്‍ അയിലകരയാണ് കസ്റ്റംസിനെ അക്രമിച്ച് കടന്ന് കളഞ്ഞത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ദേഹപരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ ഉദ്യോഗസ്ഥരെ അക്രമിച്ച് കടന്ന് കളഞ്ഞത്. തുടര്‍ന്ന് ലോറിയില്‍ കയറി രക്ഷപ്പെട്ട ഇയാള്‍ സ്വര്‍ണം വലിച്ച് എറിയുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ഈ സ്ഥലത്ത് വന്ന് വീണ്ടും പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഇവിടെ നിന്ന് കടന്ന് കളയുകയായിരുന്നു. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരഭിച്ചു. ഇയാള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നും, ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.