വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്.
ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.