കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് ശീലമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടി മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്.
കരിയറിലെ 26-ാം സെഞ്ചുറിയായിരുന്നു ഇന്നലെ സ്മിത്ത് നേടിയത്. ഏറ്റവും വേഗം ടെസ്റ്റില്‍ 26 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് ഇതോടെ രണ്ടാം സ്ഥാനത്തെത്തി.
രണ്ടാമതുണ്ടായിരുന്ന സച്ചിനെ പിന്തള്ളിയാണ് സ്മിത്ത് രണ്ടാമതെത്തിയിരിക്കുന്നത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇനി സ്മിത്തിനുമുന്നിലുള്ളത്.
121 ഇന്നിങ്സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനാവട്ടെ, 136 ഇന്നിങ്സുകളാണ് ഇതിനായി കളിക്കേണ്ടിവന്നത്. എന്നാല്‍ വെറും 69 ഇന്നിങ്സുകളില്‍ നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.
ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ തലയ്ക്കു പരിക്കേറ്റ സ്മിത്തിനു മൂന്നാം ടെസ്റ്റിനിറങ്ങിയിരുന്നില്ല. നേരത്തേ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. 144, 142 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ആ ടെസ്റ്റില്‍ 251 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഓസീസ് ആതിഥേയര്‍ക്കെതിരെ നേടിയത്.

