സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുക. പരീക്ഷാണാടിസ്ഥാനത്തില്‍ 20 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി നല്‍കുക.
ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വനശ്രീ യൂണിറ്റുകളിലും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുമെന്നും സന്ദര്‍ശന കേന്ദ്രങ്ങളില്‍ നേരിട്ട് ടിക്കറ്റ് നല്‍കുന്ന സംവിധാനം തുടരുമെന്നും വനം മന്ത്രി അഡ്വ കെ.രാജു തിരുവനന്തപുരത്ത് അറിയിച്ചു.
വനംവകുപ്പിന്റെ ഒദ്യോഗിക വെബ്‌സൈറ്റായ http://www.forest.kerala.gov.in ,ഇക്കോ ടൂറിസം വെബ്‌സൈറ്റായ https://keralaforestecotourism.com എന്നിവയിലും ടിക്കറ്റുകള്‍ ബുക്കു ചെയ്യാനും ഉല്‍പന്നങ്ങള്‍ വാങ്ങാനും സാധിക്കും. പത്തനംതിട്ട ജില്ലയിലെ ഗവി, അടവി ഗവി ടൂര്‍ പാക്കേജ്, തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പള്ളി, വാഴച്ചാല്‍, എറണാകുളം ജില്ലയിലെ മഹാഗണി തോട്ടം, ഭൂതത്താന്‍കെട്ട്, പനയേലി പോര്, ഇടുക്കി ജില്ലയിലെ കാല്‍വരി മൗണ്ട്, കൈനഗിരി, ചെല്ലാര്‍ കോവില്‍, കൊല്ലം ജില്ലയിലെ പാലരുവി, കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലപുറത്തൊട്ടി. പൈതല്‍മല മഞ്ഞപ്പുല്ല്, അളകാപുരി, ശശിപാറ, കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, വനപര്‍വം, മലപ്പുറം ജില്ലയിലെ കനോലി പ്ലോട്ട്, നെടുങ്കയം,പാലക്കാട് ജില്ലയിലെ ധോണി, മിന്നാംപാറ, അനങ്ങന്‍മല, തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍,പൊന്‍മുടി, പേപ്പാറ, വയനാട് ജില്ലയിലെ ചെമ്പ്ര പീക്ക്, സൂചിപ്പാറ, എന്നിവിടങ്ങളിലാണ് നിലവില്‍ ഒണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.