ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ദേശീയപാത കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.
റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചിരുന്നു. നെടുമ്പാശേരിയിലെ വാര്‍ത്ത അറിഞ്ഞ അമിക്കസ്‌ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ദേശീയപാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയത്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും.
വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തില്‍പ്പെട്ടത്. പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’യുടെ ഉടമയാണ്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.