യുവജനതയുടെ തൊഴില്‍മേഖലയിലേക്കുള്ള സുഗമമായ പ്രവേശനത്തിന് കോളേജുകളില്‍ പ്ലേസ്മെന്റ് സെല്‍ അനിവാര്യമെന്ന് ‘ഉദ്യോഗ ജ്യോതി’ (തൊഴില്ലായ്മയ്ക്ക് സുസ്ഥിര പരിഹാരം കണ്ടെത്താനുള്ള കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രൊജക്ട്). പ്രാദേശിക കോളേജുകളില്‍ ഇനിയും പ്ലേസ്‌മെന്റ് സെല്‍ രൂപീകരിച്ചിട്ടില്ലെങ്കില്‍ അവ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കണം. മാറുന്ന സാമ്പത്തിക ആവശ്യങ്ങളോട് പൊരുതി നില്‍ക്കാനാകും വിധം വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കുന്നതിനായി വിപണി അറിയുകയും അതിനനുസരിച്ചുള്ള ജോലി സാദ്ധ്യതകള്‍ മനസ്സിലാക്കുകയും വേണം. ഇതിന് വഴിയൊരുക്കുന്ന പ്ലേസ്‌മെന്റ് സെല്‍ പോലുള്ള സംവിധാനം അത്യന്താപേക്ഷിതമാണ്-കളക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കോളേജ് പ്രിന്‍സിപ്പല്‍-പ്ലേസ്‌മെന്റ് സെല്‍ കോര്‍ഡിനേറ്റര്‍മാരുടെ യോഗം വിലയിരുത്തി.
തൊഴില്‍ രംഗത്തേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ വരവ് സുഗമമാക്കാനും സമൂഹത്തില്‍ അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താനുമായി പുതിയ ആശയങ്ങളിലേക്കും ആവിഷ്‌കാരങ്ങളിലേക്കും എത്തിച്ചേരേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെട്ടു.
തൊഴില്‍ വിപണിയെയും വ്യവസായങ്ങളെയും നിരീക്ഷിക്കുകയും തുടര്‍ച്ചയായി ഇടപഴകുകയും ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാദേശിക വ്യവസായങ്ങളും തമ്മില്‍ സഹകരിച്ചുള്ള സമീപനം വളര്‍ത്തിയെടുക്കുന്നതിലൂടെ യുവാക്കളെ ശാക്തീകരിക്കാന്‍ സാധിക്കും.
ജില്ലയിലെ ഉയര്‍ന്നു വരുന്ന തൊഴില്ലായ്മ നിരക്കിനെ സുസ്ഥിരമായ ഉപായങ്ങളിലൂടെ നേരിടാനാണ് ഉദ്യോഗ ജ്യോതി ലക്ഷ്യമിടുന്നത് . കോവിഡ് സാഹചര്യത്തിന് ശേഷം തൊഴില്‍ തേടുന്നവരുടെയും തൊഴില്‍ ദാതാക്കളുടെയും ആവശ്യങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അങ്ങനെയുള്ള കാരണങ്ങളെ വിവിധ മാര്‍ഗ്ഗങ്ങളാല്‍ നേരിടുകയാണ് ഉദ്യോഗ ജ്യോതിയുടെ മുഖ്യ ലക്ഷ്യം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ക്ക് ദീര്‍ഘകാല പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുന്നേറ്റത്തിലേക്ക് എത്തിച്ചേരുകയെന്നതും പ്രോജക്ക്ട് മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളില്‍ ഒന്നാണ്.
യോഗം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍, മുന്‍ യുഎല്‍സിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രന്‍ കസ്തൂരി, ഡി ഡബ്ല്യൂ എം എസ് ജില്ലാതല പ്രോഗ്രാം മാനേജര്‍ സുമി എം എ, മലബാര്‍ ഗോള്‍ഡ് ജിഎം-എച് ആര്‍ വരുണ്‍ കണ്ടോത്ത്, യുഎല്‍ടിഎസ് ലീഡര്‍ ജയദീപ് ചെറുവണ്ടി, എന്നിവര്‍ പങ്കെടുത്തു.