വെള്ളന്നൂർ : ചെട്ടിക്കടവിലെ നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായ ആൽമരം ഇനി ഓർമ്മ മാത്രം. ചെട്ടി സമുദായത്തിന്റെ പ്രബല കേന്ദ്രമായ ചെട്ടിക്കടവ് (കരം പിടിക്കാൻ അധികാരപ്പെട്ടവർ), ജലഗതാഗതം വഴി മുളകളും , മരങ്ങളും, മങ്കാവിലേക്കുള്ള നാളികേര വും വലിയ ചങ്ങാടം കെട്ടി വരുമ്പോൾ ഈ ആൽമരത്തണലിലായിരുന്നു വിശ്രമകേന്ദ്രം.
ആൽമരച്ചുവട്ടിൽ ഇന്നും കാണുന്ന തകർന്ന ചെറിയ ചായക്കടയും ,മസാലക്കടയും സജീവമായിരുന്നു (പഞ്ചായത്തിൽ കൂടിയ നിരക്കിൽ ലേലം പിടിക്കുന്നവർക്കാണ് തോണി കടത്തിന് അധികാരം )അക്കാലത്ത്, ശരിക്കും കടവുകൾ 25 വർഷം മുമ്പ് വരെ സജീവമായിരുന്നു, കോഴിക്കോട്ടേക്കും, മാവൂർ ഗ്വാളിയോർ റയോൺസിലേക്കും, മെഡി.കോളേജിലേക്കും യാത്ര പോവാൻ ഈ ആൽമരത്തണലിൻ തോണിക്ക് കാത്തിരുന്ന് ചെട്ടിക്കടവ് അക്കരെ നിന്നും മഞ്ഞൊടിയിൽ നിന്നും ബസ്സ് യാത്ര ചെയ്ത പഴയ കാലം …
( ഗ്രാമങ്ങളുടെ ഒത്തുചേരൽ,)
ഈ കാത്തിരിപ്പ് സമയത്ത് ചായ കുടിയും വെടിപറയലും നാട്ടിലെ കാർഷിക ചർച്ചയും…നാട്ടിലെ അടുത്ത കാളപൂട്ടും ( ഊർച്ചയും, കെട്ടു തെളിയും).
പ്രബല തറവാട്ടു കാരുടെ ചെമ്പനും, കാരിയും, മൊകാലയും ,പുള്ളിയും എല്ലാം ഈ ആൽമരത്തണലിൽ ചർച്ചയാവും….. പൂഴി ത്തൊഴിലാളികളും, മത്സ്യക്കച്ചവടക്കാരും, മീൻപിടുത്തക്കാരും, ഒത്തു കുടിയസ്ഥലം …..സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും വിപ്ലവ പ്രസ്ഥാനത്തിന്റെയും യോഗങ്ങൾ കൂടിയ മുത്തശ്ശിത്തണൽ ഇനി ഒരു തലമുറയ്ക്ക് ബാക്കി വെയ്ക്കാതെ ഓർമ്മയായി ….:
ആലഞ്ചേരി തമ്പ്രാക്കൾ എന്ന സിനിമയിൽ നമ്മുടെ ആൽമരവും കടവും ചായക്കടയും തനിമ വിടാതെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്, ഇന്ന് പല സീരിയലിന്റെയും ലൊക്കേഷൻ. ഈ കടവും നമ്മുടെ കാർഷിക ഗ്രാമവുമാണ് …. ഒരു പാട് വിവാഹ വീഡിയോയിൽ ഔട്ട് ഡോർ ഷൂട്ടിംഗ് നമ്മുടെ ഈ ഗ്രാമഭംഗിയിലാണ് ചായം ചേർക്കുന്നത്. ഇന്ന് സൗഹൃദവും, ആദരവും, ആദരാഞ്ജലിയും, മൊബൈൽ ഭാഷയിലേക്ക് മാറുമ്പോഴും പൂർവ്വ സ്മരണകളുണർത്തിയ വൃക്ഷ രാജാവിന്റ പതനം മനസ്സിന് നൊമ്പരമായി “….
കടപ്പാട് : സുനിൽ വെള്ളനൂർ

