ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒന്നാം ക്ലാസുകാരന് ചെരിപ്പ് വാങ്ങി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ജയപ്രസാദാണ് പ്രതിപക്ഷ നേതാവിനൊപ്പം സ്റ്റേറ്റ് കാറില്‍ പുതിയ ചെരിപ്പ് വാങ്ങാന്‍ പോയത്.
എളന്തിക്കര സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വി ഡി സതീശന്‍ സന്ദര്‍ശനത്തിന് എത്തിയത്. അപ്പോഴാണ് ജയപ്രസാദ് എന്ന ഒന്നാംക്ലാസുകാരന്‍ വാശി പിടിച്ചിരിക്കുന്നത് കണ്ടത്. വിവരമന്വേഷിച്ചപ്പോള്‍ വെള്ളത്തില്‍ തന്റെ ചെരിപ്പ് നഷ്ടമായെന്ന് കുട്ടി പരാതി പറഞ്ഞു. പുതിയ ചെരുപ്പ് വാങ്ങാമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോള്‍ ബെല്‍റ്റുള്ളത് ചെരിപ്പ് കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടിയെയും കൂട്ടി ചെരിപ്പ് വാങ്ങി. ഒരുമിച്ചൊരു ചായയും കുടിച്ചാണ് പിരിഞ്ഞത്.
ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ വെള്ളം കയറിയതോടെയാണ് പിതാവ് മഹേഷിന്റെയും അമ്മ ബിന്ദുവിനുമൊപ്പം ജയപ്രസാദ് ക്യാമ്പില്‍ എത്തിയത്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലുകളും മുറിച്ചുകളഞ്ഞിരുന്നു. ഭാഗ്യക്കുറി വിറ്റാണ് മഹേഷ് ഉപജീവനം നടത്തുന്നത്.