2-1 എന്ന നിലയില്‍ ഏകദിന പരമ്പര നഷ്ടമായെങ്കിലും വരുന്ന ടി20 പരമ്പര നേടി തിരിച്ചടിക്കാന്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നു. ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച അവസാന ഏകദിന മത്സരം കളിച്ച കാന്‍ബറയില്‍ ഉച്ചയ്ക്ക് 1.40നാണ് മത്സരം തുടങ്ങുന്നത്. ടി20 പരമ്പരയിലും മൂന്നു മത്സരങ്ങളാണ് ഉള്ളത്.
ഇന്ത്യയുടെ ടി20 ടീം ഏകദിന ടീമിനെ അപേക്ഷിച്ച് കരുത്തരാണ് . ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ഓരോ സ്ഥാനത്തേക്കും ഇടംകണ്ടെത്താന്‍ മത്സരിക്കുന്ന ഒന്നിലധികം താരങ്ങള്‍ ടീമിലുണ്ട്. ഓപ്പണറുടെ റോളിലേക്ക് കെ.എല്‍ രാഹുല്‍ മടങ്ങിയെത്തിയേക്കാം. ഏകദിനത്തില്‍ അഞ്ചാം നമ്പരില്‍ ഇറങ്ങിയ രാഹുലിന് തിളങ്ങാനായില്ല.
ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി എന്നിവര്‍ ഫോമിലാണ്. ഏകദിന പരമ്പരയില്‍ തിളങ്ങാതിരുന്ന ശ്രേയസ് അയ്യര്‍ ടി20യില്‍ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദിനത്തില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു വി സാംസണ്‍ ടി20 പരമ്പരയില്‍ കളിച്ചേക്കാന്‍ സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ സഞ്ജുവിനെ ടീമിലെടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐപിഎല്ലില്‍ പുറത്തെടുത്ത മികവ് സഞ്ജുവിന് അനുകൂല ഘടകമാണ്.
അതേസമയം ബാറ്റിങ്ങിനൊപ്പം തന്നെ കരുത്തുറ്റ ബൗളിങ് നിരയാണ് ഇന്ത്യയുടേത്. ഓസീസ് സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന ജസ്പ്രിത് ബുംറ നേതൃത്വം നല്‍കുന്ന പേസ് നിരയാണ് ഇന്ത്യയുടേത്. പുതിയതായി ടീമിലെത്തിയ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന്‍ ഇന്ന് കളിച്ചേക്കും. അവസാന ഏകദിനത്തില്‍ നടരാജന്‍ മികച്ച പ്രകടനമാണ് നടത്തിയത്. നടരാജനും ബുംറയും എറിയുന്ന ഡെത്ത് ഓവറുകള്‍ ഓസീസിന് വെല്ലുവിളിയാകും. ഇവര്‍ക്ക് പിന്തുണയുമായി വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുമെത്തും.
കോവിഡിന് മുമ്പ് ന്യൂസിലാന്‍ഡില്‍ നടന്ന ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അന്ന് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മ ടീമിലില്ല എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം മറുവശത്ത് ഏകദിന പരമ്പരയിലെ ടീമിനെ ഏറെക്കുറെ നിലനിര്‍ത്തിയാകും ഓസ്‌ട്രേലിയ ഇറങ്ങുക. പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ടീമില്‍ ഉണ്ടാകില്ല. ഐപിഎല്ലില്‍ തിളങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം മാര്‍ക്ക് സ്റ്റോയിനിസും പരിക്കു മൂലം കളിക്കില്ലെന്നാണ് സൂചന.