ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എട്ട് മാസം കൂടി കോടതി സമയം അനുവദിച്ചു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി.
വിചാരണ കാലയളവില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുകയും കേസിന്റെ ഗതിമാറ്റുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ കൂടി ഉണ്ടായ സ്ഥിതിക്ക് ചൂണ്ടികാണിച്ചാണ് ജഡ്ജി ഹണി എം.വര്‍ഗീസ് അധിക സമയം ആവശ്യപ്പെട്ടത്. കേസില്‍ ഇനിയും ആറ്അ സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷന് അറിയിച്ചതെന്നും വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ പ്രോസിക്യൂഷന് ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി ആരോപിച്ചു. കേസില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചതു സംബന്ധിച്ചുള്ള അന്വേഷണത്തെ നടന് ദിലീപ് എതിര്‍ത്തിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഹരജിയിലാണ് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിപാഷകന്‍ ബി. രാമന്‍പിള്ള നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്തിനാണ് ആശങ്കയെന്ന ചോദ്യത്തിന്, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും വിചാരണ നീണ്ടുപോകുന്നതാണ് ആശങ്കയെന്നും ദിലീപ് പറഞ്ഞിരുന്നു.