യുവ സ്‌ട്രൈക്കര്‍ ലൗതാരോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ ശേഷിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കരുതെന്ന നിര്‍ദേശവുമായി താരത്തിന്റെ ക്ലബും ഇറ്റാലിയന്‍ ചാമ്പ്യന്മാരുമായ ഇന്റര്‍ മിലാന്‍.
ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ച അര്‍ജന്റീനയ്ക്കു ശേഷിക്കുന്ന മത്സരങ്ങള്‍ അപ്രധാനമാണെന്നും എന്നാല്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ററിന് നിര്‍ണായക മത്സരങ്ങളുണ്ടെന്നും അതിനാല്‍ താരത്തിന്റെ സേവനം ക്ലബിനാണ് കൂടുതല്‍ ആവശ്യമെന്നും ഇന്റര്‍ മിലാന്‍ അധികൃതര്‍ പറയുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിനെതിരെ അടുത്താഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരം ഇന്ററിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. ആദ്യപാദത്തില്‍ ലിവര്‍പൂളിനോട് 2-0ന് തോറ്റ ഇന്ററിന് ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചേ തീരൂ.
നിലവില്‍ ലീഗില്‍ മൂന്നാം ഇന്റർ മിലാന് ഇതുകൂടാതെ സീരി എയില്‍ ടോറിനോ, ഫിയറന്റീന, യുവന്റസ് എന്നിവര്‍ക്കെതിരേയും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മത്സരങ്ങളുണ്ട്. കിരീടം നിലനിര്‍ത്താന്‍ പൊരുതുന്ന ഇന്ററിന് ഈ മത്സരങ്ങള്‍ എല്ലാം നിര്‍ണായകമാണ്.
അതേസമയം അര്‍ജന്റീനയ്ക്ക് വെനസ്വേല, ഇക്വഡോര്‍ എന്നിവര്‍ക്കെതിരേയാണ് മത്സരങ്ങള്‍. മാര്‍ച്ച് 26-ന് സ്വന്തം നാട്ടില്‍ വെനസ്വേലയെയും 30-ന് എവേ ഗ്രൗണ്ടില്‍ ഇക്വഡോറിനെയുമാണ് അര്‍ജന്റീന നേരിടുന്നത്. യോഗ്യതാ റൗണ്ടില്‍ 15 മത്സരങ്ങളില്‍ നിന്ന് 10 ജയവും അഞ്ചു സമനിലകളുമായി 35 പോയിന്റോടെ അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായി ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു.