വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. മീന്‍മുട്ടി പടിഞ്ഞാറത്തറ വാളരം കുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെ പട്രോളിങ്ങിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് ഇയാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇയാളെ സംബന്ധിച്ച യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.
ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപത്തായുള്ള വനമേഖലയില്‍ വച്ച് ഇന്ന് പുലർച്ചെയാണ് എറ്റുമുട്ടല്‍ ഉണ്ടായത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് ആരേയും കയറ്റിവിടുന്നില്ല. വന്‍ പോലീസ് സന്നാഹവും സ്ഥലത്തേക്ക് എത്തുന്നുണ്ട്.
വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് സംഘത്തില്‍പെട്ട ഒരാള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന് പിന്നാലെ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈത്തിരിയിലെ സംഭവത്തില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ് കൊല്ലപ്പെട്ടിരുന്നത്.